main

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ

Web Team | | 4 minutes Read


1351-1643704996-20220201-141257

2022–23 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു.‌ ഒന്നര മണിക്കൂർ മാത്രം നീണ്ടതായിരുന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം. ആദായനികുതി റിട്ടേൺ പരിഷ്കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷം സാവകാശം നൽകും. റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താനും അവസരമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റിലെ ചില പ്രധാന പ്രഖ്യാപനങ്ങൾ അറിയാം.

രാജ്യത്ത് ഡിജിറ്റൽ കറൻസി നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം. ബ്ലോക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് 2022 – 23 സാമ്പത്തിക വർഷം റിസർവ് ബാങ്ക് പദ്ധതി നടപ്പാക്കുക. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണർവായിരിക്കുമെന്നും മന്ത്രി പറഞ്ഞു.‌ ചെലവു കുറഞ്ഞതും അതേസമയം കൂടുതൽ കാര്യക്ഷമവുമായ സംവിധാനമായിരിക്കും ഇത്.

ഭവനപദ്ധതികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കി ധനമന്ത്രി നിര്‍മല സീതാരാമന്‍. പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി രൂപ അനുവദിച്ചു. 2023ന് മുന്‍പ് 18 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. 3.8 കോടി വീടുകളിലേക്കു കുടിവെള്ളമെത്തിക്കാന്‍ 60.000 കോടി നീക്കിവച്ചു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി 1 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് പ്രത്യേകം ചാനലുകള്‍ ആരംഭിക്കും. പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

400 വന്ദേഭാരത് ട്രെയിനുകൾ വരും വർഷങ്ങളിൽ പുറത്തിറക്കുമെന്ന ബജറ്റ് പ്രഖ്യാപനം. ‌തദ്ദേശീയമായി വികസിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ ഉൽപാദനം കൂട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനാണ് ബജറ്റ് പച്ചക്കൊടി വീശിയിരിക്കുന്നത്. ഇഎംയു ട്രെയിൻ സെറ്റുകളായ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ വേഗം കൂടിയ ട്രെയിനുകളാണ്. നിലവിൽ 2 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഡൽഹിയിൽ നിന്നു വാരണാസിയിലേക്കും കത്രയിലേക്കും. ആസാദി കി അമൃത് മഹോൽസവിന്റെ ഭാഗമായി 75 ആഴ്ചകൾ കൊണ്ടു 75 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് 400 ട്രെയിനുകൾ എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ രംഗത്തെ ഗവേഷണത്തിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഇ- പാസ്‌പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തികവര്‍ഷം ഇ പാസ്‌പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്‌പോര്‍ട്ട് സംവിധാനം. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്‌പോര്‍ട്ട്. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്‌പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും. ആഗോളതലത്തില്‍ ഇമിഗ്രേഷൻ പോസ്റ്റുകളിൽ കൂടുതല്‍ സുഗമമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും ബയോമെട്രിക് സംവിധാനം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും ഇ പാസ്പോർട്ട് കൊണ്ട് കഴിയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍ അടക്കം 7 ഗതാഗത മേഖലകളില്‍ ദ്രുതവികസനം ലക്ഷ്യമിടുന്ന പിഎം ഗതിശക്തി പദ്ധതിയുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 2022-23 ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കും. റയില്‍വേ ചരക്കു നീക്കത്തിനായി പ്രത്യേക പദ്ധതി തയാറാക്കും. കാര്‍ഷിക ഉല്‍പന്ന നീക്കത്തിന് ഒരു സ്റ്റേഷന്‍, ഒരു ഉല്‍പന്നം എന്ന പദ്ധതി നടപ്പിലാക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കും. മലയോര റോഡ് വികസനത്തിന് പര്‍വത് മാല പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്പ ബജറ്റില്‍ പ്രഖ്യാപിച്ചു. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ പ്രഖ്യാപിച്ചിരിക്കുന്നത്. അതത് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കപ്പെട്ട വായ്പയ്ക്കു പുറമേയുള്ള പലിശരഹിത വായ്പയാണിത്. 50 വര്‍ഷമാണ് വായ്പാകാലാവധി. പ്രധാനമന്ത്രിയുടെ ഗതി-ശക്തി പദ്ധതിയ്ക്കും മറ്റു ഉത്പാദന മുതല്‍മുടക്കിലേക്കുമുള്ള സംസ്ഥാനങ്ങളുടെ ഇടപെടല്‍ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഒരു ലക്ഷം കോടി പലിശരഹിത വായ്പ ബജറ്റില്‍ വകയിരിത്തിയിരിക്കുന്നത്.

2023-ഓടെ ഇന്ത്യയില്‍ 5ജി കണക്ടിവിറ്റി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5ജി ടെലികോം സര്‍വീസ് രാജ്യത്ത് എത്തിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നാണ് മന്ത്രി 2022-23 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5ജി ടെലികോം സര്‍വീസിനായുള്ള സ്‌പെക്ട്രം ലേലവും ഈ കലയളവില്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. 5ജി സംവിധാനം എത്തുന്നതോടെ രാജ്യത്ത് ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കുന്നതിനൊപ്പം ഇന്റര്‍നെറ്റ് എക്കണോമിയിലും വലിയ വികസനമുണ്ടാകുമെന്നാണ് മന്ത്രി അഭിപ്രായപ്പെടുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും സാമൂഹികവും സാമ്പത്തികപരവുമായ ഉന്നമനത്തിനുള്ള പദ്ധതികളെക്കുറിച്ച് ബജറ്റിൽ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. നാരീശക്തി പദ്ധതി ശോഭനമായ ഭാവിയുടെ മുന്നോടിയാണെന്ന് മന്ത്രി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളായ മിഷൻ ശക്തി, മിഷൻ വാത്സല്യ, സാക്ഷം അങ്കണവാടി, പോഷൺ 2.0 എന്നീ പദ്ധതികൾ സർക്കാർ സമ​ഗ്രമായി നവീകരിച്ചതായി ബജറ്റിൽ അറിയിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും സമ​ഗ്ര വികസനത്തിനായി അവതരിപ്പിച്ച പദ്ധതികളാണവ. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും ഓഡിയോവിഷ്വൽ സഹായങ്ങളോടെയുമുള്ള സാക്ഷം അം​ഗൻവാടി പദ്ധതി പുതുതലമുറ അം​ഗൻവാടികളാണെന്നും ബാല്യകാല വികസനത്തിൽ മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാൻ‌ പ്രാപ്തമാണെന്നും മന്ത്രി പറഞ്ഞു. രണ്ടു ലക്ഷത്തോളം അങ്കണവാടികളെ പദ്ധതിക്കു കീഴിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

മലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കി 2022-23 കേന്ദ്ര ബജറ്റ്. ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിക് ചാര്‍ജിങ്ങ് സെന്ററുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക സോണുകള്‍ ഒരുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പുറമെ, ഇത്തരം വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയവും (ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം) കേന്ദ്ര സര്‍ക്കാര്‍ ഒരുക്കും. ചാര്‍ജിങ്ങ് കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം വരുത്തുക. ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. സീറോ ഫോസില്‍ ഫ്യുവല്‍ പോളിസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

English Summary : Union Budget 2022 23 in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.8 MB / ⏱️ 0.0331 seconds.