main

എം.ജി സർവകലാശാല വാർത്തകൾ

Web Team | | 3 minutes Read


1053-1630929763-images

പരീക്ഷ സെപ്തം. 7 മുതൽ

മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബി.എ.- എൽ.എൽ.ബി. (അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം) 10-ാം സെമസ്റ്റർ പരീക്ഷ സെപ്തംബർ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഡിസംബറിൽ നടന്ന 10-ാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും പരീക്ഷ എഴുതാൻ അനുവാദം നൽകിയിട്ടുണ്ട്.

എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ;
അനുവാദം നൽകിയിട്ടില്ലെന്ന് എം.ജി.

സർക്കാർ നയത്തിന് വിരുദ്ധമായി എയ്ഡഡ് കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങുന്നതിന് മഹാത്മാഗാന്ധി സർവകലാശാല തീരുമാനിക്കുകയോ അനുവാദം നൽകുകയോ ചെയ്തിട്ടില്ലെന്ന് രജിസ്ട്രാർ അറിയിച്ചു. ഇത് സംബന്ധിച്ച് അടുത്ത ദിവസം വന്ന പത്രവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രലോകത്തെ അപൂർവ ബഹുമതിയുമായി പ്രൊഫ. സാബു തോമസ്

മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും പോളിമർ-നാനോ ശാസ്ത്ര-സാങ്കേതിക മേഖലയിലെ അറിയപ്പെടുന്ന ഗവേഷകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസിനെ ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ അവരുടെ പ്രൊഫഷണൽ റിസർച്ചർ (പി.ആർ.ഇ.എസ് -PRes) പദവി നൽകി ആദരിക്കുന്നു. അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട അധ്യാപന -ഗവേഷണ പ്രവർത്തനങ്ങളും വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ ഈടുറ്റ സംഭാവനകളും കണക്കിലെടുത്താണ് ലോകത്തിലെ അപൂർവം ശാസ്ത്രജ്ഞർക്ക് ലഭിച്ചുവരുന്ന സൊസൈറ്റിയിലെ വിശിഷ്ടാംഗത്വമെന്ന പദവി അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. ആദ്യമായാണ് കേരളത്തിൽനിന്നുള്ള ഒരു ശാസ്ത്രജ്ഞന് റോയൽ സൊസൈറ്റിയുടെ ഇത്തരത്തിലുള്ള ഒരു ബഹുമതി ലഭിക്കുന്നത്. അന്തർദ്ദേശീയ തലത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിലെ പ്രശ്ന പരിഹാരത്തിനുള്ള ആശയ കൈമാറ്റത്തിനും ശാസ്ത്ര-സാങ്കേതിക-അക്കാദമിക മേഖലകളിലെ സഹകരണത്തിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്ന ഉന്നത ശാസ്ത്രജ്ഞരുടെ ശ്രേണിയിലേക്കാണ് പുതിയ ബഹുമതിയോടെ പ്രൊഫ. സാബു തോമസ് ഉയർത്തപ്പെട്ടിരിക്കുന്നത്.
വിവിധ അന്തർദ്ദേശീയ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റേതായി വന്നിട്ടുള്ള പ്രബന്ധങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ, ബഹുമതികൾ തുടങ്ങിയവ കണക്കിലെടുത്താണ് ശാസ്ത്രരംഗത്ത് ഏറെ പ്രാധാന്യമുള്ള ഈ ബഹുമതി അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. പോളിമർ-നാനോ ശാസ്ത്ര-സാങ്കേതിക രംഗത്ത് ഏറെക്കാലമായ പഠന-ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രൊഫ. സാബു തോമസ്, ഇതിനകം 116 ഗവേഷണ പദ്ധതികളിൽ ഗൈഡായി പ്രവർത്തിച്ചിട്ടുണ്ട്. പോളിമർ, നാനോ-ശാസ്ത്ര സാങ്കേതിക മേഖലയിലെ ഗവേഷണത്തിനായി ഐ.എസ്.ആർ.ഒ., സി.എസ്.ഐ.ആർ, യു.ജി.സി., ഡ്യൂപോണ്ട് (യു.എസ്.) തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളുടെയും ഏജൻസികളുടേയും സഹായത്തോടെ അത്യാധുനിക സംവിധാനങ്ങളുള്ള ഒരു ലബോറട്ടറിയും ഗവേഷണ പ്രവർത്തനങ്ങൾക്കായി അദ്ദേഹം ക്രമീകരിച്ചിട്ടുണ്ട്. ഫ്രാൻസ്, ഇസ്രായേൽ, യു.എസ്., സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി പഠന-ഗവേഷണരംഗത്തെ സഹകരണത്തിനുള്ള കരാർ പ്രൊഫ. സാബു തോമസിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം അടുത്തയിടെയാണ് കരസ്ഥമാക്കിയത്. ബയോമെഡിക്കൽ, ബഹിരാകാശ, മോട്ടോർ വാഹന മേഖലകളിൽ നിർണായകമായ പല കണ്ടുപിടുത്തങ്ങൾക്കും ഉടമയാണ് പ്രൊഫ. സാബു തോമസ്.
മികച്ച ഗവേഷകനുള്ള നിരവധി ദേശീയ-അന്തർദ്ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മൂന്ന് വിദേശ സർവകലാശാലകൾ ഇതിനകം തന്നെ അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയാറാക്കിയ ലോകത്തെ മികച്ച ശാസ്ത്രജ്ഞന്മാരുടെ പട്ടികയിൽ 114-ാമത് സ്ഥാനമാണ് പ്രൊഫ. സാബു തോമസിനുള്ളത്. ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞന്മാരിൽ രണ്ടാം സ്ഥാനത്തുള്ള അദ്ദേഹം 2020ലെ ഡി.എസ്.റ്റി. നാനോമിഷൻ അവാർഡിനും അർഹനായി. സി.എൻ.ആർ. റാവു അവാർഡ്, ബെയ്ലി മെഡൽ അവാർഡ്, സംസ്ഥാന സർക്കാരിന്റെ കൈരളി ലൈഫ്ടൈം റിസർച്ച് അവാർഡ് എന്നിവയ്ക്കും അദ്ദേഹം അർഹനായി. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുന്ന പ്രൊഫ. സാബു തോമസ് സർവകലാശാലയിലെ സ്കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസസ്, ഇന്റർനാഷണൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോസയൻസ് ആന്റ് നാനോ ടെക്നോളജി, സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് എന്നിവയുടെ സ്ഥാപക ഡയറക്ടർകൂടിയാണ്. അദ്ദേഹത്തിന്റെ ഭരണപരവും അക്കാദമികവുമായ മികവാർന്ന നേതൃത്വത്തിന് കീഴിൽ നിർണായക നേട്ടങ്ങൾ കൈവരിക്കാൻ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ടൈംസ് ലോകറാങ്കിംഗിൽ 713-ാമത് സ്ഥാനവും ഏഷ്യൻ റാങ്കിംഗിൽ 154-ാം സ്ഥാനവും യുവ സർവകലാശാല റാങ്കിംഗിൽ 142-ാമത് സ്ഥാനവും ഇക്കാലയളവിൽ സർവകലാശാല നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ചാൻസലേഴ്സ് അവാർഡും, എൻ.ഐ.ആർ.എഫ്. റാങ്കിംഗിൽ 30-ാം സ്ഥാനവും എൻ.എ.എ.ബി. റീഅക്രഡിറ്റേഷനിൽ 'എ' ഗ്രേഡും സർവകലാശാല നേടിയത് പ്രൊഫ. സാബു തോമസിന്റെ ധൈഷണിക നേതൃത്വത്തിൻ കീഴിലാണ്.

പരീക്ഷ മാറ്റി

സെപ്തംബർ ഒൻപതുമുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി.ടെക് (പുതിയ സ്കീം - 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പുതുക്കിയ പരീക്ഷ തീയതി

ഏഴാം സെമസ്റ്റർ ബി.ടെക് (പുതിയ സ്കീം - 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) - ഓപ്പറേറ്റിംഗ് സിസ്റ്റം കെർണൽ ഡിസൈൻ എന്ന പേപ്പറിന്റെ പരീക്ഷ സെപ്തംബർ 23ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.

അപേക്ഷ തീയതി

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ- പുതിയ സ്കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ 10 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 14 വരെയും അപേക്ഷിക്കാം.

പരീക്ഷാ തിയതി

നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം - 2019 അഡ്മിഷൻ - റഗുലർ/2018 അഡ്മിഷൻ - സപ്ലിമെന്ററി, പഴയ സ്കീം - 2016, 2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 29 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ ഒൻപതുവരെയും 525 രൂപ പിഴയോടെ സെപ്തംബർ 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 13 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പ്രവേശന പരീക്ഷ: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർസ്കൂൾ സെന്ററിലും നടത്തുന്ന ബിരുദ, ബിരുദാനന്തര-ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി സെപ്തംബർ 10, 11 തീയതികളിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.എ.ടി. - എം.ജി.യു. - 2021)യുടെ ഹാൾടിക്കറ്റ് അപേക്ഷകർക്ക് www.cat.mgu.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. നേരത്തെ ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റി പുതുക്കിയ സമയക്രമമനുസരിച്ച് നടത്തുന്നത്. നേരത്തെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുത്തിട്ടുള്ളവർക്ക് പുതുതായി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയോ പഴയ ഹാൾടിക്കറ്റ് തന്നെ ഉപയോഗിക്കുകയോ ചെയ്യാം. പഴയ ഹാൾടിക്കറ്റ് ഉപയോഗിക്കുന്നവർ വെബ് സൈറ്റ് സന്ദർശിച്ച് പരീക്ഷ തീയതി, സമയം, പരീക്ഷകേന്ദ്രം എന്നിവ കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്. എറണാകുളം സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷ കേന്ദ്രത്തിന് മാറ്റമുണ്ട്. ഈ കേന്ദ്രത്തിന് പകരം പാർക്ക് അവന്യുവിലുള്ള സെന്റ് തെരേസാസ് കോളേജിലായിരിക്കും പ്രവേശന പരീക്ഷ നടക്കുക. കൂടുതൽ വിവരങ്ങൾ 0481-2733595 എന്ന ഫോൺ നമ്പറിലും cat@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും ലഭിക്കും.

English Summary : Mg University News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0342 seconds.